തൃശൂര്‍ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി പരസ്വാമി അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. പിക്ക്പ്പ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീനും, കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ വിനോദുമാണ് അറസ്റ്റിലായത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അപകടകരമായി വാഹമോടിച്ചതിന് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിക്കപ്പ് വാനും, സ്വിഫ്റ്റ് ബസും ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തു.
കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. റോഡുമുറിച്ച് കടക്കുന്നതിനിടെയാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. വെള്ളാറക്കാട് സ്വദേശിയുടെ വാനാണ് അപകടത്തിന് കാരണമായത്. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാന്‍ ഇന്നലെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
പിക്കപ്പ് വാന്‍ ഇടിച്ച് താഴെ വീണ പരസ്വാമിയുടെ കാലില്‍കൂടി കെഎസ്ആര്‍ടിസി സ്വിഫ്റ്റും കയറി ഇറങ്ങി. സ്വിഫ്റ്റ് ബസും ഇന്നലെ കസ്റ്റഡിയില്‍ എടുത്തു. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസാണ് മലായ ജംങ്ഷനില്‍ വച്ച് പരസ്വാമിയുടെ ദേഹത്ത് ഇടിച്ചത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ചാണ് പരസ്വാമി മരിച്ചത് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സ്വിഫ്റ്റല്ല മറ്റൊരു വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്തിയത്. അമിതവേഗത്തില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നും ബസ് നിര്‍ത്താതെ പോയെന്നുമായിരുന്നു ആക്ഷേപം ഉയര്‍ന്നത്. അപകടം ബസിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്.
Read more
അപകടം നടന്ന ഉടനെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ പരസ്വാമിയെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.