ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നിരക്ക് വർധനകൾ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ നാളെ മുതൽ പ്രാബല്യത്തിൽ വരും. വാഹന നികുതിയും ഭൂനികുതിയും കോടതി ഫീസും അടക്കമുള്ളവയാണ് നാളെ മുതൽ വർധിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധനയും ഉണ്ടാകും.

ഭൂനികുതിയിൽ 50 ശതമാനം വർധനവാണുണ്ടാവുക. 23 ഇനം കോടതി ഫീസുകളും വർധിക്കും. സർക്കാർ ജീവനക്കാരുടെ 21 ശതമാനം ക്ഷാമബത്ത കുടിശ്ശികയിൽ മൂന്ന് ശതമാനം ഏപ്രിൽ മുതൽ നൽകും. 15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും നികുതി 900 രൂപയിൽ നിന്ന് 1350 രൂപയായാണ് വർധിക്കുന്നത്.

ചെറുകാറുകൾക്ക് ഇപ്പോഴുള്ള 6400 രൂപ എന്നത് 9600 രൂപയായി വർധിക്കും. 8600 രൂപ നികുതിയുള്ള കാറുകൾക്കുള്ള നികുതി ഇനിമുതൽ 12900 ആയിരിക്കും. നിലവിൽ 10600 രൂപ നികുതിയുള്ള കാറുകൾക്ക് ഇനിമുതൽ 15,900 രൂപ നൽകേണ്ടിവരും. ബസുകൾക്കുള്ള ത്രൈമാസ നികുതിയിൽ 10 ശതമാനം കുറവ് വരും.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിയിലും വർധനവ് ഉണ്ടാകും 15 ലക്ഷം രൂപ വരെയുള്ള അഞ്ചു ശതമാനവും 15 മുതൽ 20 ലക്ഷം രൂപ വരെയുള്ള എട്ടു ശതമാനവും 20 ലക്ഷത്തിനും മേൽ 10 ശതമാനവും നികുതി നൽകണം ഇരുചക്ര മുഖചക്ര ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി നിലവിലുള്ള 5% ആയി തന്നെ തുടരും.