പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി. 35000 വോട്ടിന് തോല്‍ക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാകും. അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് കമ്മിറ്റികളില്‍ മലപ്പുറം ജില്ലാ കമ്മിറ്റി വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്പൂര്‍ എംഎല്‍എയായി തുടരില്ല, സ്ഥാനം രാജിവെയ്ക്കുമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് പി വി അന്‍വര്‍ രംഗത്ത് വന്നിരുന്നു. താന്‍ എക്കാലും സി.പി.എം സഹയാത്രികനായി തുടരും. ആരും താന്‍ നിലമ്പൂര്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കുമെന്ന് വിചാരിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ നിലമ്പൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. താന്‍ മത്സരിപ്പിച്ച് ജയിപ്പിച്ച് എംഎല്‍എ ആക്കി മാറ്റിയത് സിപിഎമ്മാണ്. അതിനാല്‍ തന്നെ അവരുമായുള്ള ബന്ധം തുടരും. താന്‍ സിപിഎമ്മുമായി അകല്‍ച്ചയിലാണെന്ന് രീതിയിലുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

നേരത്തെ പരസ്യമായി പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്‍വര്‍ മാറ്റിയത്.