തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി; പ്രഖ്യാപനം നാളെ

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇടതുമുന്നണി യോഗം ചേര്‍ന്ന ശേഷമാകും പുതിയ തീരുമാന പ്രഖ്യാപിക്കുക. അതെ സമയം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറയുമ്പോഴും, സി.പി. എം. ജില്ലാ കമ്മറ്റി അംഗം കെ.എസ്. അരുണ്‍കുമാറിനുവേണ്ടി തൃക്കാക്കരയില്‍ പലയിടത്തും ചുവരെഴുത്തുകള്‍ നിറഞ്ഞു.

സ്ഥാനാര്‍ഥിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രതികരിച്ചു. മന്ത്രിയും സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ പി. രാജീവും അതാവര്‍ത്തിച്ചു.

എന്നാല്‍ മണ്ഡലത്തില്‍ പലയിടത്തും അരുണ്‍കുമാറിനുവേണ്ടി ഉച്ചയോടെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ് ടാഗുമായി പ്രചാരങ്ങളില്‍ നിറയുന്ന ഇടതുമുന്നണി ഇത്തവണ സീറ്റുപിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ്.

Read more

തൃക്കാക്കരയില്‍ സിപിഎമ്മിന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയാണുണ്ടാകാന്‍ പോകുന്നതെന്ന വാര്‍ത്തകളും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായെന്നും അതുകൊണ്ടാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം. എറണാകുളത്ത് നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും അഭ്യൂഹമുണ്ട്.