മാതൃ- ശിശു വാര്‍ഡിനായി കത്ത് നല്‍കിയത് രണ്ട് തവണ, അവഗണിച്ച് ആരോഗ്യവകുപ്പ്

കോട്ടത്തറ ട്രൈബല്‍ ആശുപത്രി നേരിടുന്നത് കടുത്ത അവഗണന. ആശുപത്രിയിലേക്കുള്ള ആവശ്യങ്ങള്‍ വ്യക്തമാക്കി പല തവണ ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. മാതൃ- ശിശു  വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണയാണ് ആശുപത്രി സൂപ്രണ്ടായ ഡോ. പ്രഭുദാസ് ആരോഗ്യവകുപ്പിന് കത്ത് നല്‍കിയതെന്ന് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയിലേക്ക് ലിഫ്റ്റ് നിര്‍മ്മിക്കാന്‍ ഫണ്ട് തേടി മാര്‍ച്ചില്‍ കത്ത് നല്‍കിയിരുന്നു. ചികിത്സാ ഉപകരണങ്ങള്‍ക്കായി ഫണ്ട് ആവശ്യപ്പെട്ടും കത്ത് നല്‍കി. ദേശീയ ആരോഗ്യ മിഷനില്‍ നിന്ന് ലഭിച്ചതില്‍ 32 ലക്ഷം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു ആവശ്യവും വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഫണ്ട് ലഭിക്കാതായതോടെ വാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത വാര്‍ഡ് സജ്ജീകരിച്ച സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി എആര്‍ടിസിഒക്കും പണം നല്‍കിയിട്ടില്ല.

നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ ഇല്ലാത്ത യോഗത്തിന്റെ പേരും പറഞ്ഞ് സ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം മാറ്റി. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്നും പ്രഭുദാസ് പറഞ്ഞു. തനിക്ക് പറയാനുള്ളത് ഒന്നും കേള്‍ക്കാതെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിക്ക് വേണ്ടി പല കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മന്ത്രി അട്ടപ്പാടിയെ പരിഗണിക്കുന്നത്.

Read more

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്. കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അവയെല്ലാം വിശദീകരിക്കേണ്ടത് താനാണെന്നും പ്രഭുദാസ് പറഞ്ഞു. തന്റെ കൈയില്‍ എല്ലാത്തിന്റെയും രേഖകളുണ്ടെന്നും അതുകൊണ്ട് ഭയമില്ലെന്നും പ്രഭുദാസ് പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ് എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സ്ഥിതി പരിശോധിക്കാനായാണ് ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.