ഉപ്പിലി‌‌ട്ടത് വിൽക്കുന്ന കടകൾക്ക് ഇനി ലെെസൻസ് നിര്‍ബന്ധം

ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്‍പന നടത്തുന്ന കടകള്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം. പഴവര്‍ഗ്ഗങ്ങള്‍ അടക്കമുള്ളവ ഉപ്പിലിട്ട് വില്‍ക്കുന്ന കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് കച്ചവടക്കാര്‍ക്കായി മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

.വഴിയോര കച്ചവടക്കാര്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ഉപ്പിലിടാന്‍ ഉപയോഗിക്കുന്ന സുര്‍ക്ക, വിനാഗിരി എന്നിവ ലേബലുകളോട് കൂടി വേണം കടയില്‍ സൂക്ഷിക്കാന്‍. വിനാഗിരി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാഷ്യല്‍ അസറ്റിക് ആസിഡ് കടകളില്‍ സൂക്ഷിക്കരുത് എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരമുള്ള നിയമ നടപടികളാണ് സ്വീകരിക്കുക. കോഴിക്കോട് ബീച്ചിന് അടുത്ത് ഉപ്പിലിട്ടവ വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളം ആണെന്ന് കരുതി കുപ്പിയിലിരുന്ന പാനീയം കുടിച്ച് വിദിയാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഈ തീരുമാനം.