ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? ഉണ്ണി മുകുന്ദനെ പിന്തുണച്ചതാണ്, വിമര്‍ശിച്ചതല്ല..; സാധികയുടെ കമന്റ് വൈറല്‍

ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ എത്തിയ നടി സാധിക വേണുഗോപാലിന്റെ കമന്റ് ചര്‍ച്ചയാകുന്നു. ‘ഓര്‍മക്കുറിപ്പ്’ എന്ന ക്യാപ്ഷനോടെ മാര്‍ക്കോ, വിക്രമാദിത്യന്‍, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. പോസ്റ്റിന് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ലഭിക്കുന്നുണ്ട്.

‘മാര്‍ക്കോ നെഗറ്റീവ് ഇന്‍ഫ്‌ളുവന്‍സ്, അയ്യപ്പന്‍ പൊളിറ്റിക്കല്‍ ഇന്‍ഫ്‌ളുവന്‍സ്, വിക്രമന്‍ മാത്രമാണ് ഒരു കഥാപാത്രം’ എന്നാണ് പോസ്റ്റിന് താഴെ എത്തിയ സാധിക വേണുഗോപാലിന്റെ കമന്റ്. ഈ കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്റെ ആരാധകരും രംഗത്തെത്തി. ”അയ്യപ്പന്‍ എങ്ങനെയാണ് രാഷ്ട്രീയമാകുന്നത്, അയ്യപ്പന്‍ ഒരു ദൈവീക പരിവേഷമാണ്.”

”അയ്യപ്പനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥ മനസിലാകുന്നില്ല. അപ്പോള്‍ നിങ്ങള്‍ പറയുന്നത് അയ്യപ്പനെ ആരാധിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്നാണോ?” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കമന്റിന് മറുപടിയുമായി സാധികയും എത്തി.

”ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? അങ്ങനെ പറഞ്ഞവരോട് ചോദിക്കൂ, ഞാന്‍ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരുന്ന ഒരു നടനെ അയാളുടെ സിനിമയെ പോയിന്റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെന്‍ഷന്‍ ചെയ്തു അത്രയേ ഉള്ളൂ. അല്ലാതെ ആ ഇന്‍ഫ്‌ളുവന്‍സ് ഒന്നും എന്റെ അഭിപ്രായം അല്ല” എന്നാണ് സാധിക കുറിച്ചത്.

അതേസമയം, ‘മാര്‍ക്കോ 2’ വേണമെന്ന ആവശ്യവും കമന്റുകളില്‍ എത്തുന്നുണ്ട്. സിനിമയിലെ വയലന്‍സ് പൊതുസമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മാര്‍ക്കോ 2 വേണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തുന്നത്. സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്തിട്ടുണ്ട്.

Read more