മരിച്ചവരുടെ രേഖകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ്; കരുവന്നൂര്‍ ബാങ്കില്‍ ഇ.ഡി പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

കരിവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. മരിച്ച ഇടപാടുകാരുടെ രേഖകള്‍ ഉപയോഗിച്ച് വ്യാജ വായ്പാ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പാണ് കണ്ടെത്തിയത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡില്‍ വ്യാജവായ്പാ തട്ടിപ്പുകള്‍ കണ്ടെത്തി. ഇല്ലാത്തയാളുകളുടെ പേരിലാണ് ലക്ഷങ്ങളുടെ വായ്പയെടുത്ത് ക്രമക്കേട് നടത്തിയത്. മരിച്ച ഇടപാടുകാര്‍ ബാങ്കില്‍ ഈടായി നല്‍കിയ രേഖകള്‍ തട്ടിപ്പിന് ഉപയോഗിച്ചു. മതിപ്പുവില കുറഞ്ഞ ഭൂമിയുടെ പേരില്‍ മൂന്ന് കോടിയോളം രൂപ വായ്പ പാസാക്കി. വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഉപയോഗിച്ച കൃത്രിമ രേഖകളും ഇഡി കണ്ടെടുത്തു.

പ്രതികളുടെ വീടുകളില്‍ നിന്ന് ഇടപാടുകള്‍ സംബന്ധിച്ചോ നിക്ഷേപം സംബന്ധിച്ചോ ഉള്ള രേഖകള്‍ കണ്ടെത്താനായില്ല. എന്നാല്‍ തട്ടിപ്പ് നടത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ നിക്ഷേപിച്ചതായി ഇ ഡിക്ക് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ പലയിടത്തും ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ഇതേ തുടര്‍ന്ന് പ്രതികളുടെ ബിനാമി ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.

ബുധനാഴ്ചയാണ് കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയത്. മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലായിരുന്നു റെയ്ഡ്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് ചെയ്തത്. റെയ്ഡ് 20 മണിക്കൂര്‍ നേരത്തോളം നീണ്ടുനിന്നിരുന്നു.