ലവ് ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം. തോമസിന് എതിരെ നാളെ നടപടിയുണ്ടായേക്കും

കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തെ തുടര്‍ന്ന് നടത്തിയ ലവ് ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എം.എല്‍.എയും കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ ജോര്‍ജ് എം. തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ അഭിപ്രായം തേടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നാളത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

അതേ സമയം മിശ്രവിവാഹത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക രംഗത്തെത്തിയിരുന്നു. കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് പത്രത്തിന്റെ എഡിറ്റോറിയല്‍. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നതാണ്. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രൈസ്തവ മുസ്ലീം സമുദായങ്ങളില്‍പ്പെട്ട എല്ലാ മനുഷ്യരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നുമാണ് എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നത്.

വിവാഹം പാര്‍ട്ടി അറിഞ്ഞില്ലെന്ന സിപിഎം വാദത്തെയും എഡിറ്റോറിയയില്‍ പരിഹസിക്കുച്ചു.പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബം അറിയണ്ടേ. ദുരൂഹ വിവാഹം ആണോ മതേതരത്വം. തീവ്രവാദികളെക്കുറിച്ച് പാര്‍ട്ടിക്ക് അകത്ത് മാത്രം ചര്‍ച്ച മതിയോയെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചു.

മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഇന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ജോയ്‌സനയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. ജോയ്‌സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

Read more

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കളോട് പിന്നീട് സംസാരിക്കുമെന്നും ജോയ്സ്ന കോടതിയില്‍ അറിയിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ല എന്ന നിരീക്ഷിച്ച കോടതി ഷെജിനൊപ്പം പോകാന്‍ ജോയ്സ്നയെ അനുവദിക്കുകയായിരുന്നു.