'കോൺഗ്രസിന്റെ പരാജയം;' എം. ലിജു ആലപ്പുഴ ഡി.സി.സി സ്ഥാനം രാജിവെച്ചു

എം.ലിജു ആലപ്പുഴ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി.ക്ക് കൈമാറി. ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷ നേതാവ് മത്സരിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മറ്റ് എട്ടു സീറ്റുകളിലും എൽ.ഡി.എഫാണ് വിജയിച്ചത്. അമ്പലപ്പുഴയിൽ ലിജുവും പരാജയപ്പെട്ടിരുന്നു.

മൂന്ന് മന്ത്രിമാർ മത്സരിക്കാതിരുന്നിട്ടും എൽ.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിപിഎം 6 സീറ്റും സിപിഐയും എൻസിപിയും ഓരോ സീറ്റുമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ അരൂരും ഇത്തവണ എൽഡിഎഫ് വീണ്ടെടുത്തു. യുഡിഎഫിന്റെ സിറ്റിംഗ് എം.എൽ.എ ഷാനിമോൾ ഉസ്മാൻ ഗായിക കൂടിയായ ദലീമയോടു പരാജയപ്പെട്ടു. യുവ സ്ഥാനാർത്ഥി അരിത ബാബുവിന് കായംകുളത്ത് യു. പ്രതിഭയുടെ വിജയത്തെ തടയാനായില്ല. അമ്പലപ്പുഴയിൽ എച്ച്. സലാമും ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും ചേർത്തലയിൽ പി. പ്രസാദും എൽഡിഎഫിനു വേണ്ടി വിജയിച്ചു.