ഗവര്‍ണര്‍ ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു; ബില്ലില്‍ ഒപ്പിടാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു; ആരിഫ് ഖാന് നിയമസഭയോട് തെല്ലും ആദരവില്ലെന്ന് എം സ്വരാജ്

ബിജെപി അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. നിയമസഭയില്‍ എല്ലാവരും ഒന്നിച്ച് പാസാക്കിയ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഇടുക്കിയിലെ ജനതയെ വെല്ലുവിളിക്കുകയാണ്.

ഭരണഘടനാ ബാധ്യതയും ഉത്തരവാദിത്വവുമാണ് ഗവര്‍ണര്‍ ലംഘിക്കുന്നത്. ബില്ലില്‍ പോരായ്മയുണ്ടെങ്കില്‍ തിരിച്ചയയ്ക്കാം. ഉണ്ടെങ്കില്‍ ഭേദഗതി വരുത്തി വീണ്ടും അയച്ചാല്‍ ഒപ്പിടുകയേ ഗവര്‍ണര്‍ക്ക് വഴിയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ക്ക് നിയമസഭയോട് തെല്ലും ആദരവില്ല. സംസ്ഥാനത്തെ എല്ലാ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തി ഭരണസ്തംഭനം ഉണ്ടാക്കുകയെന്ന കേന്ദ്ര അജന്‍ഡ നടപ്പാക്കുന്നു.

ആധുനികകാലത്ത് അന്തസോടെ ജീവിക്കാന്‍ ഇടുക്കിക്കാര്‍ക്കും സാധ്യമാക്കുന്ന ബില്ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയത്. കേന്ദ്ര രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കാനാകുമോ എന്ന ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് എം സ്വരാജ് പറഞ്ഞു.