ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയോടെയാണ്. ഒന്നാം ദിനം ഓസ്‌ട്രേലിയ ആറിന് 311 എന്ന നിലയിൽ അവസാനിപ്പിച്ച മത്സരം രണ്ടാം ദിനത്തിൽ 122 ഓവർ പിന്നിട്ടപ്പോൾ ഓസീസ് 474 റൺസിന് എല്ലാവരും പുറത്തായി.
140 റൺസെടുത്ത് സ്മിത്ത് ആകാശ് ദീപിന്റെ പന്തിൽ പുറത്തായി. സ്മിത്തിന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഏറെ കാലം മോശം ഫോമിലായിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി തിരിച്ചുവന്നിരുന്നു. ബോക്സിംഗ് ഡേയുടെ ഒന്നാം ദിനമായ ഇന്നലെ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, പത്തൊമ്പതുകാരൻ സാം കോൺസ്റ്റാസ് എന്നിവരും അർധ സെഞ്ച്വറി നേടി. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ലബുഷെയ്ൻ 72 റൺസ് നേടി പുറത്തായി.
കഴിഞ്ഞ കളികളിലെ മികവ് ആവർത്തിക്കാൻ ഇറങ്ങിയ ട്രാവിസ് ഹെഡ് സംപൂജ്യനായി മടങ്ങി. നാല് റൺസെടുത്ത് പുറത്തായ മിച്ചൽ മാർഷ്, 31 റൺസെടുത്ത അലക്സ് ക്യാരി എന്നിവരാണ് ബാറ്റ് ചെയ്ത മറ്റ് ഓസീസ് താരങ്ങൾ. ഇന്ത്യൻ നിരയിൽ ബുംമ്ര നാല് വിക്കറ്റ് നേടിയപ്പോൾ ജഡേജ മൂന്ന് വിക്കറ്റും ആകാശ് ദീപ് രണ്ട് വിക്കറ്റും നേടി.