'സ്വരാജ് അഹങ്കാരത്തിന്‍റെ ആള്‍രൂപം, ഞങ്ങളുടെ വോട്ട് വാങ്ങി ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നു' തൃപ്പുണിത്തുറ എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സിപിഐ ജില്ലാ സമ്മേളനം

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ എം. സ്വരാജിന് രൂക്ഷവിമര്‍ശനം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരായ പരാമര്‍ശങ്ങള്‍. സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ട് ഇപ്പോള്‍ തിരിഞ്ഞു കൊത്തുകയാണ്. ആളെ കണ്ടാല്‍ അറിയാത്ത പോലെയാണ് സ്വരാജ് പെരുമാറുന്നത് തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്ളത്.

എറണാകുളം ജില്ലയില്‍ സിപിഐഎമ്മിന് 11 സീറ്റ് കൈയ്യില്‍ വയ്ക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളില്‍ 11 എണ്ണം സിപിഐഎമ്മാണ് കൈയില്‍വെച്ചിരിക്കുന്നത്. രണ്ട് എണ്ണം സിപിഐയ്ക്കും ഒരെണ്ണം ജനതാദള്‍ സെക്യുലറിനുമാണ്. ഈ സീറ്റു വിഭജനത്തിലെ അതൃപ്തിയാണ് സിപിഐ രേഖപ്പെടുത്തിയിരിക്കുന്നത്.

തൃപ്പുണിത്തുറ മണ്ഡലത്തിന്റെ ഭാഗമായ ഉദയംപേരൂരില്‍ പാര്‍ട്ടിയില്‍നിന്ന പടലപിണക്കങ്ങളും വിഭാഗിയതയും രമ്യമായി പരിഹരിച്ചതായിരുന്നു എം. സ്വരാജിന്റെ വിജയത്തിലേക്ക് വഴിവെച്ചത്. ഇതാണ് സിപിഐയുടെ വോട്ടുനേടി വിജയിച്ചിട്ട് തിരിഞ്ഞ് കുത്തുന്നു എന്ന പ്രസ്താവന സിപി ഐ സമ്മേളനത്തില്‍ നടത്തിയിരിക്കുന്നത്. ഉദയംപേരൂരില്‍ പ്രശ്‌നപരിഹാരത്തില്‍ സിപിഐ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

സിപിഐമ്മിന്റെയും സിപിഐയുടെയും ജില്ലാ സമ്മേളനങ്ങളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. സിപിഐ സമ്മേളനത്തില്‍ സിപിഐഎമ്മിനെയും സിപിഐഎം സമ്മേളനത്തില്‍ സിപിഐയും ശക്തമായി വിമര്‍ശിക്കാറുണ്ട്.