ഷിരൂരിലെ രക്ഷാപ്രവർത്തനം രാത്രി പതിനൊന്ന് മണിവരെ തുടരും; ഡ്രോൺ ഉപയോഗിച്ച് പരിശോധന

ഷിരൂരിലെ രക്ഷാദൗത്യം മേജർ ജനറൽ ഇന്ദ്രബാലൻ ഏറ്റെടുത്തതായി കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. രക്ഷാ പ്രവർത്തനം രാത്രിയും തുടരുമെന്നും എംഎൽഎ അറിയിച്ചു. കരയിൽ നിന്നും 20 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് അർജുന്റെ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരണം വന്നത്. വാഹനം കരയ്ക്കും മൺകൂനയ്ക്കും ഇടയിലാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

രക്ഷാദൗത്യം നിർണായക ഘട്ടത്തിലെന്ന് എംഎൽഎ അറിയിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ച് പരിശോധന തുടരുമെന്നും വാഹനം കണ്ടെത്തിയ സ്ഥലം മാർക്ക് ചെയ്തുവെന്നും എംഎൽഎ അറിയിച്ചു. ഇന്നത്തെ തിരച്ചിലിൽ നിർണായക കണ്ടെത്തലെന്ന് എംഎൽഎ പറഞ്ഞു. തിരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ. നാളെ രാവിലെ 9.30 മുതൽ വലിയ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും എംഎൽഎ അറിയിച്ചു.

അർജുനായുള്ള രക്ഷാപ്രവത്തനം ഊർജ്ജിതമാക്കുമ്പോൾ കാലാവസ്ഥ പ്രതികൂലമാണ്. സ്ഥലത്ത് ശക്തമായ മഴ തുടങ്ങുന്ന സാഹചര്യത്തിൽ അർജുന്റെ ലോറി പുറത്തെടുക്കാനുള്ള രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാനായില്ല. ഗംഗാവലി നദിയിൽ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. നദിയിൽ ജലനിരപ്പ് ഉയരുകയാണ്.

Read more