IPL 2025: അവര്‍ പാവങ്ങള്‍, അത് ആസ്വദിക്കട്ടെ; ആര്‍സിബിയെ ട്രോളി സെവാഗ് പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലില്‍ ഇത്തവണ ആദ്യ മത്സരങ്ങളിലെ ജയങ്ങളിലൂടെ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രജത് പാട്ടിധാറിന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധേയ പ്രകടനമാണ് അവര്‍ നടത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയാര്‍ന്ന പ്രകടനംആര്‍സിബി കാഴ്ചവയ്ക്കുന്നു. വിരാട് കോഹ്ലിയും ഫില്‍ സാള്‍ട്ടും മികച്ച തുടക്കമാണ് ഓപ്പണിങ് വിക്കറ്റില്‍ ആര്‍സിബിക്കായി നല്‍കുന്നത്. ഐപിഎല്ലില്‍ ഇത്തവണ ശ്രദ്ധയോടെയാണ് ബെംഗളൂരു മുന്നേറുന്നത്. വര്‍ഷങ്ങളായുളള കീരിടമെന്ന കിട്ടാക്കനിക്കായി അവര്‍ ഒന്നടങ്കം പോരാടുമെന്ന കാര്യത്തില്‍ സംശയമില്ല. മികച്ച പിന്തുണയുമായി ആരാധകര്‍ ഒന്നടങ്കം ഇത്തവണയും ടീമിനൊപ്പമുണ്ട്. തുടക്കത്തില്‍ മികച്ച കളി പുറത്തെടുത്ത് അവസാനം കളി മറന്നു പോവുന്ന പതിവ് ആര്‍സിബി ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും കരുതുന്നു,

അതേസമയം ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുളള ബെംഗളൂരു ടീമിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗ്. ഗരീബ്(പാവങ്ങള്‍) എന്ന് ആര്‍സിബിയെ ട്രോളികൊണ്ടാണ് സെവാഗ് കഴിഞ്ഞ ദിവസം എത്തിയത്. ആര്‍സിബിയെ പോലുളള പാവപ്പെട്ട ടീമുകള്‍ക്കും പോയിന്റ് ടേബിളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കണമെന്ന് സേവാഗ് ടീമിനെ ട്രോളിക്കൊണ്ട് പറഞ്ഞു. കാരണം അവര്‍ ഐപിഎല്‍ കിരീടം നേടുന്നതിന്റെ വിജയം ഒരിക്കലും അനുഭവിച്ചിട്ടില്ല.

“പാവപ്പെട്ടവര് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കട്ടെ, അവര്‍ ഫോട്ടോ എടുക്കട്ടെ, എത്രകാലം അവര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമെന്ന് ആര്‍ക്കറിയാം.” സെവാഗ് ആര്‍സിബിയെ ട്രോളി ഒരു ടോക്ക് ഷോയില്‍ പറഞ്ഞു.

“എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്, ഞാന്‍ പണത്തെകുറിച്ചാണ് സംസാരിക്കുന്നതെന്നോ, അല്ല, അവര്‍ എല്ലാം പണത്തിന്റെ കാര്യത്തില്‍ സമ്പന്നരാണ്. എല്ലാ സീസണുകളിലും ഫ്രാഞ്ചൈസികള്‍ 400-500 കോടി സമ്പാദിക്കുന്നു. ഞാന്‍ അതിനെ കുറിച്ചല്ല പറയുന്നത്. ആരാണോ ഇതുവരെ ഒരു ട്രോഫി പോലും നേടാത്തത് ഞാനവരെ ഗരീബ്(പാവങ്ങള്) എന്ന് വിളിക്കുന്നു.” സെവാഗ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആര്‍സിബിക്ക് പുറമെ പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കാണ് ഐപിഎലില്‍ ഇതുവരെ കീരിടം നേടാനാകാത്തത്.

Read more