ഗുജറാത്ത് മോഡല്‍, അര്‍ബുദം ബാധിച്ച ആള്‍ മുഖം മിനുക്കുന്നത്; മലയാളികള്‍ സര്‍ക്കാരുകളെ മാറിമാറി പരീക്ഷിക്കുന്നത് സന്തോഷകരമെന്ന് മല്ലിക സാരാഭായി

അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃകയെന്ന് കലാമണ്ഡലം കല്‍പിത സര്‍വലകശാലയിലെ നിയുക്ത ചാന്‍സലര്‍ മല്ലിക സാരാഭായി. ഇത്രയേറെ കുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം ഉണ്ടാകില്ല. സാമ്പത്തികത്തകര്‍ച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയും ഒക്കെയാണ് കൂട്ട ആത്മഹത്യക്ക് കാരണങ്ങള്‍. മലയാളികള്‍ പൊതുവേ സര്‍ക്കാരുകളെ മാറിമാറി പരീക്ഷിക്കുന്നത് സന്തോഷകരമാണ്. പക്ഷേ, ഇത്രയും വിദ്യാസമ്പന്നരായിട്ടും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം നിരാശപ്പെടുത്തുന്നതാണ്. അത് ഗുജറാത്തിലെ മലയാളി പുരുഷന്മാരിലുമുണ്ടെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ബാബറി മസ്ജിദ് തര്‍ക്കല്‍ എന്ന് ഇന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ ദിവസത്തെ ഞെട്ടലോടെ ഓര്‍ക്കുന്നു. ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരേ പൊരുതാന്‍ കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോള്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിക്കുക. അവര്‍ക്ക് മാലയിടുക. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. ഏത് അമ്പലത്തില്‍പ്പോയി പ്രാര്‍ഥിച്ചാലും മോചനംകിട്ടാത്ത പാതകമാണ് എന്നും മല്ലിക സാരാഭായ് പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് ഉചിതമാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. വള്ളത്തോളിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചാന്‍സലറാകുന്നത് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, നിയുക്ത ചാന്‍സലര്‍ മല്ലിക സാരാഭായിയെ എസ്എഫ്ഐ നേതൃത്വം കേരളത്തിലേക്ക് സ്വഗതം ചെയ്തു. ഇത് സംഘപരിവാറിനുള്ള ഒരു സന്ദേശം കൂടിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ മാറ്റിയതിന്റെ തുടര്‍ച്ചയായാണ് മല്ലിക സാരാഭായിയുടെ നിയമനം. ഇതുവരെ സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനു താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയായിരുന്നു. കലാമണ്ഡലത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ചും യുജിസിയുമായുള്ള ധാരണപ്രകാരവും മറ്റു സര്‍വകലാശാലാകളില്‍നിന്നു വ്യത്യസ്തമായി ഇവിടെ ചാന്‍സലറെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്.

ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത മല്ലിക സരാരാഭായി നാടകം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശസ്തയാണ്. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മില്‍നിന്ന് എംബിഎ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി.

ഇന്ത്യന്‍ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പാരീസിലെ തിയേറ്റര്‍ ഡി ചമ്പ്‌സ് എലൈസിയുടെ നൃത്ത സോളോയിസ്റ്റ് പുരസ്‌കാരം, ഫ്രെഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ഡി പാംസ് അക്കാഡമിക് പുരസ്‌കാരം, പാസ്റ്റ തിയേറ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അവര്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടു.