മിനിബാർ സെറ്റപ്പുമായി സ്ക്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന; മദ്ധ്യ വയസ്കനെ വേഷം മാറിയെത്തിയ എക്സൈസ് കുരുക്കി

സ്കൂട്ടറിൽ ഒരു മിനി ബാർ സെറ്റപ്പുമായി നാട്ടിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയയാളെ പിടികൂടി. കണ്ണൂർ ഇരിട്ടിയിലായിരുന്നു സംഭവം. കോളിക്കടവ് സ്വദേശി അശോകനെയാണ് എക്സൈസ് സംഘം പിടികൂടിയത്.സ്കൂട്ടറിൽ ഗ്ലാസും വെള്ളവുമൊക്കെയായി കറങ്ങിയായിരുന്നു ആവശ്യക്കാർക്ക് മദ്യം വിറ്റിരുന്നത്.

പ്രദേശത്ത് നാളുകളായി ഇയാൾ വണ്ടിയിലെത്തി മദ്യം വിൽക്കുന്നുവെന്ന പരാതി എക്സൈസിന് കിട്ടിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടിക്കാനൊരുങ്ങിയത്. പായമുക്കിൽ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥർ ആവശ്യക്കാരാണെന്ന വ്യാജേന ഇയാളോട് മദ്യം ചോദിച്ചു. സംശയമൊന്നും തോന്നാതിരുന്നതിനാൽ അശോകൻ ഉദ്യോഗസ്ഥർക്ക് മദ്യം ഒഴിച്ചു നൽകുകയും ചെയ്തു.

മദ്യം നൽകുന്നതിനിടെ കൈയോടെ ഇയാളെ പിടികൂടുകയായിരുന്നു എക്സൈസ് സംഘം. കുറച്ചുകാലമായി ഇയാൾ ഇത്തരത്തിൽ മദ്യ വിൽപ്പന നടത്തുന്നു. പിടിയിലാവുന്ന സമയത്ത് ഒന്നരലിറ്റർ മദ്യവും അശോകന്റെ സ്കൂട്ടറിലുണ്ടായിരുന്നു.