പിന്തുണച്ചവര്‍ക്ക് നന്ദി, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും ; ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഭൂമി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതക്ക് സ്ഥാനമില്ല. പ്രശ്‌നങ്ങള്‍ ഏതാനും നാളുകള്‍ക്കിടയില്‍ പരിഹരിക്കപ്പെടും. സഭയിലെ പ്രശ്‌നങ്ങളും താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും കര്‍ദ്ധിനാള്‍ പറഞ്ഞു. വിവാദമുണ്ടായതിന് ശേഷം ആദ്യമായാണ് കര്‍ദ്ദിനാള്‍ പ്രതികരിക്കുന്നത്. പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും പ്രാര്‍ത്ഥന തുടരണമെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

സഭയും വിശ്വാസികളും തനിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് ആലഞ്ചേരിയുടെ ആദ്യ പ്രതികരണം. ഭൂമിയിടപാട് കേസില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ഇന്ന് ലഘുലേഖ വിതരണം ചെയ്തിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. വൈദികരുടേയും വിശ്വാസികളുടേയും നേതൃത്വത്തില്‍ രൂപീകരിച്ച അതിരൂപത മൂവ്മെന്റ് ട്രാന്‍സ്പറന്‍സി എന്ന പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്. ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി എറണാകുളം സിജെഎം കേടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളെജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കടംവീട്ടാന്‍ സീറോ മലബാര്‍ സഭ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്. 60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്.