വെള്ളിയാഴ്ച പുലർച്ചെ തൃശൂരിൽ വൻ എടിഎം കവർച്ച നടന്നു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ നാല് അംഗ മോഷ്ടാക്കൾ, ഗ്യാസ് കട്ടർ ഉപയോഗിച്ച് മൂന്ന് എടിഎമ്മുകൾ കുത്തിത്തുറന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് പ്രദേശങ്ങളിൽ, സ്വരാജ് റൗണ്ടിന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎമ്മുകളായിരുന്നു മോഷണം.
മോഷണം പുലർച്ചെ 2.30 നും 4 മണിയ്ക്കുമിടയിലായിരുന്നു. മോഷണം നടന്ന വിവരം ബാങ്ക് അധികൃതർ പൊലീസിൽ അറിയിച്ചതിന് പിന്നാലെ, തൃശൂർ ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ. വിശദമായ അന്വേഷണം ആരംഭിച്ചു. പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം തുടങ്ങിയ സ്ഥലങ്ങളിൽ സമാന മോഷണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Read more
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച നാല് പേർ കാറിൽ എത്തിയതും, കവർച്ചക്കിടെ എടിഎമ്മുകളിലെ ക്യാമറകളിൽ പെയിൻറ് അടിച്ചതും കണ്ടെത്തി. അതിർത്തികളിലും ടോൾ പ്ലാസയിലും പൊലീസ് സുരക്ഷ ശക്തമാക്കി, തൃശൂർ ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.