എം.ബി രാജേഷിനെ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷിനെ തിരഞ്ഞെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിനെ 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് എം.ബി.രാജേഷ് സ്‌പീക്കർ ആകുന്നത്. എം.ബി രാജേഷ് 96 വോട്ട് നേടിയപ്പോൾ പി.സി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് രാജേഷ്.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ ഇന്ന് സഭയിൽ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എം.എൽ.എ എം വിൻസന്റ്, നെന്മാറ എം.എൽ.എ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പി.ടി.എ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കർ സ്ഥാനമൊഴിഞ്ഞു. എം.ബി രാജേഷിനെ സ്പീക്കർ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുഗമിച്ചു.