മീഡിയ വണ്ണിന്റെ പേരില്‍ വ്യാജനിര്‍മ്മിതി; നിയമനടപടിയുമായി ചാനല്‍; പോസ്റ്റ് മുക്കി യുക്തിവാദി നേതാവ് സി. രവിചന്ദ്രന്‍

തങ്ങളുടെ പേരില്‍ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ച് യുക്തിവാദി നേതാവ് സി. രവിചന്ദ്രനെതിരെ മീഡിയവണ്‍ പൊലീസില്‍ പരാതി നല്‍കി. ചാനലിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സോഷ്യല്‍ മീഡിയ കാര്‍ഡില്‍ തിരുത്തല്‍ വരുത്തി വ്യാജപ്രചരണം നടത്തിയതിനാണ് പരാതി നല്‍കിയിരിക്കുന്നത്.

തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഈ നടപടിക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയതായി മീഡിയവണ്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ പി.ബി.എം ഫര്‍മിസ് പറഞ്ഞു. ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മീഡിയ വണ്‍ വ്യക്തമാക്കി.

Read more

കാര്‍ഡില്‍ നിന്ന് മീഡിയവണ്‍ ലോഗോയും പത്താം വാര്‍ഷിക ലോഗോയും എടുത്താണ് സി. രവിചന്ദ്രന്‍ തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചു കൊണ്ടുള്ള വ്യാജ കാര്‍ഡ് തയാറാക്കിയത്. പരക്കെ ലഭ്യമായ ‘നോട്ടോ സാന്‍സ് മലയാളം’ എന്ന ഫോണ്ട് ഉപയോഗിച്ച് പുതിയ വാചകം ചേര്‍ക്കുകയും, പത്താം വാര്‍ഷിക ലോഗോയുടെ ഭാഗമായ വാചകത്തില്‍ തിരുത്തല്‍ വരുത്തുകയുമായിരുന്നു. മീഡിയവണ്‍ പൊലീസ് കേസ് നല്‍കി നിയമ നടപടികളിലേക്ക് കടന്നതോടെ രവിചന്ദ്രന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.