കേരളത്തിൻ്റെ ധനപരമായ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും നിയന്ത്രിച്ച് ഈ നാടിൻ്റെ മുന്നേറ്റം തടയുകയെന്ന ഗൂഢപദ്ധതിയാണ് കേന്ദ്ര സർക്കാർ തുടർച്ചയായി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായ നടപടികളാണ് ഏതു കാര്യത്തിലും നരേന്ദ്രമോദി സർക്കാർ കേരളത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്. അങ്ങേയറ്റം വിവേചനപരവും അവഗണന നിറഞ്ഞതുമായ നടപടികളുടെ മറ്റൊരു ഉദാരണം കൂടിയാണ് വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത തീരുമാനം.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രം. അതും വയനാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. കെ.വി.തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്. ഇതിലാണ് ഇപ്പോൾ കേന്ദ്രത്തിന്റെ മറുപടി എത്തിയിരിക്കുന്നത്.
ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽനിന്നാണ്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു.
രണ്ടു തവണയായി 388 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇതിൽ 291 കോടി രൂപ നേരത്തേ തന്നെ നൽകിഎന്നും കേന്ദ്രം പറയുന്നു. ദുരന്ത നിവാരണത്തിനുള്ള ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കൽ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വയനാട് ചൂരൽമല ഉരുൾപൊട്ടൽദുരന്തത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങളെ താലോലിച്ചും ഹെലികോപ്ടറിൽ കറങ്ങിയും തിരിച്ച് പോയ പ്രധാനമന്ത്രി ഒടുവിൽ കാര്യത്തോടടുത്തപ്പോൾ ഉരുൾ ദുരിതബാധിതരെ കൈവിട്ടിരിക്കുകയാണിപ്പോൾ. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ മറ്റൊരു രൂപമായിരുന്നു കേരളമുൾപ്പടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചതിൽ കാണിച്ച വേർതിരിവ്. അന്ന് കേരളത്തിന് ലഭിച്ചതാകട്ടെ വെറും 45.60 കോടി രൂപ മാത്രം. അതേസമയം മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസം 716 കോടി എന്നിങ്ങനെയാണ് കേന്ദ്രം അനുവദിച്ചത്.
450 ലധികം പേരുടെ ജീവനും അതിലേറെ കുടുംബങ്ങളുടെ ജീവിതവും തകര്‍ത്ത സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉരുള്‍പൊട്ടല്‍. പുനരധിവാസം വൈകുന്നത് കാരണം ദുരന്തബാധിതരുടെ ദുരിതം ഇരട്ടിയായി. നേരത്തെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോഴും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടെന്നും പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു. പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരിച്ചിരുന്നു. എന്നാൽ, അതിന് ശേഷം യാതൊരു പോസിറ്റീവ് തീരുമാനവും കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് എപ്പോൾ നൽകാൻ സാധിക്കും എന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇനി അറിയാനുള്ളത്. അതിനിടെ വയനാട് ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്‌ചക്കകം തീരുമാനം അറിയിക്കണമെന്നാണ് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.