അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്റെ (81) മരണത്തില്‍ ആണ് വിവാദങ്ങളുയരുന്നത്. മക്കള്‍ സമാധിയായെന്ന് പറയുന്ന ഗോപന്‍ കിടപ്പുരോഗിയായിരുന്നെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുരോഗിയായ ഗോപന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് മകനായ രാജസേനന്‍ ഗോപനെ വഴക്ക് പറയുമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗോപന്റെ വീടിനോട് ചേര്‍ന്ന ക്ഷേത്രത്തിന്റെ മതിലില്‍ ഗോപന്‍ മരണപ്പെട്ട വിവരം അറിയിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.

2016ല്‍ ആയിരുന്നു ഗോപന്‍ വീടിനോട് ചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നത്. ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ കൃത്യമായി നടന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ക്ഷേത്രത്തിലെ ചടങ്ങുകള്‍ രാത്രി സമയങ്ങളിലാണ് നടന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗോപന്റെ മകന്‍ രാജസേനന്‍ അര്‍ദ്ധരാത്രി ആഭിചാരകര്‍മങ്ങള്‍ ചെയ്തിരുന്നെന്നാണ് വിവരം.

രാജസേനനെ മോഷണക്കേസില്‍ പൊലീസ് മുന്‍പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലീസ് കേസെടുത്തിരുന്നു. ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ മക്കള്‍ കെട്ടിയ സമാധി സ്ഥലം പൊളിക്കും. മൃതദേഹം കണ്ടെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.