മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിര്‍ത്തലാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്ക എന്ന ആശയത്തിന് തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നതെന്നും സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ബൈഡന്‍ വിമര്‍ശനം ഉന്നയിച്ചു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ പച്ചക്കള്ളങ്ങള്‍ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.
വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബൈഡന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫാക്ട് ചെക്കിങ് പ്രോഗ്രാം നിര്‍ത്തലാക്കുകയാണെന്ന് മെറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്യൂണിറ്റി നോട്ട്‌സ് ആണ് പകരം മെറ്റ പുതുതായി അവതരിപ്പുക്കുന്നത്. ഉള്ളടക്ക നയങ്ങളിലും കമ്പനി വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Read more
ട്രംപ് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് അവതരിപ്പിച്ച നയംമാറ്റങ്ങളില്‍ അമേരിക്കയുടെ പല കോണുകളില്‍നിന്ന് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലുള്ള ഫാക്ട് ചെക്കിങ് പ്രോഗ്രാമുകളുടെ കടുത്ത വിമര്‍ശകനാണ് ട്രംപ്. വലതുപക്ഷ സ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ് ഇതെന്നായിരുന്നു ട്രംപിന്റെ ആരോപണം.