കസബക്കെതിരെ മന്ത്രി ബാലനും: തിയേറ്ററില്‍നിന്നും പകുതിയായപ്പോള്‍ ഇറങ്ങിപ്പോയി

കസബ വിവാദത്തില്‍ നടി പാര്‍വതിയെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്കിനു പിന്നാലെ സാംസ്‌കാരിക മന്ത്രി എ.കെ ബാലനും. “”പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ല, വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് അവിടെ തന്നെ തീര്‍ക്കേണ്ടതായിരുന്നെന്നു. സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ലെന്നും””- മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന സര്‍ഗോത്സവം 2017ന്റെ ഉദ്ഘാടനത്തിലാണ് മന്ത്രി കസബ് വിവാദത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ക

കസബ എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ നായകന്‍ സ്ത്രീ കഥാപാത്രത്തിന്റെ മടികുത്തില്‍ പിടിക്കുന്ന സീനിലെ സത്രീ വിരുദ്ധതയെയാണ് നടി വിമര്‍ശിച്ചത്. ഈ ചിത്രം താനും കണ്ടതാണെന്നും തിയേറ്ററില്‍നിന്നും പകുതിക്കുവച്ച് എഴുന്നേറ്റു പോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് ഈ പ്രത്യേക രംഗം കണ്ടതെന്നും, അത് സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗം അറസ്റ്റിലായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.