സംസ്ഥാനത്ത് ഏറെ ചർച്ചകൾക്കിടയാക്കിയ അയിത്ത വിവാദം അവസാനിച്ചുവെന്ന് അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തുടർനടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.സമൂഹം ചർച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
മണിപ്പൂരിൽ സംഭവിച്ച പോലുള്ള കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കാതിരിക്കാൻ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം. പല ജാതിമതങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. അവയെ ഉൾക്കൊള്ളുകയാണ് നമ്മുടെ സംസ്കാരം.ശബരിമലയെ പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്തു ഇല്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടുവെന്നായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ.സംഭവം വിവാദമായതോടെ നിരവധി സംഘടനകൾ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. പരാമർശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നായിരുന്നു അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ പ്രതികരണം.
Read more
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അയിത്തം വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്നും സംഭവത്തിൽ യുക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.ഏതായാലും വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകാൻ ഇടയില്ല.