'മഴ പുതിയ പാറ്റേണില്‍'; റോഡ് തകരാന്‍ കാരണം മഴയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് കാരണം മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതിയ പാറ്റേണിലാണ് ഇപ്പോള്‍ മഴ, ചെറിയ സമയത്ത് തീവ്രമഴ ഉണ്ടാകുന്നു. ഇത് നേരിടാന്‍ വഴികള്‍ പ്രത്യേകം പരിശോധിക്കുകയാണെന്നും റോഡ് നിര്‍മാണത്തിലെ തെറ്റായ രീതികളും പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കുഴിയില്‍ വീണ് മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കുന്നത് ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി സമ്മതിച്ചു. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതില്‍ ദുഖമുണ്ട്. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേ സമയം, കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. വിഷയത്തില്‍ പൊലീസ് നിയമസാധ്യതകള്‍ തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.