ചങ്ങാടത്തില്‍ കുടുങ്ങി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മന്ത്രി ഒആര്‍ കേളു. മലപ്പുറം വഴിക്കടവിലെത്തിയ മന്ത്രിക്കാണ് അപകടമുണ്ടായത്. പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് മന്ത്രിയെയും പ്രവര്‍ത്തകരെയും കരയ്‌ക്കെത്തിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് കുഞ്ചക്കൊല്ലി കോളനിയിലേക്ക് പോകാനെത്തിയ മന്ത്രി ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് പുഴ കടക്കാൻ ചങ്ങാടത്തിൽ കയറിയത്. പുഴ കടക്കുന്നതിനിടയിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിൽക്കുക ആയിരുന്നു. നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയതാണ് പ്രശ്നമായതെന്നാണ് കരുതുന്നത്.
Read more
പുഴ കടക്കാന്‍ ചങ്ങാടമല്ലാതെ മറ്റ് സംവിധാനങ്ങളില്ലാത്തത് നാട്ടുകാർക്ക് പ്രതിസന്ധിയാണ്. പുഴ കടന്ന് കോളനിയിലെത്തിയ മന്ത്രിയോട് ഇക്കാര്യം നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ നേരത്തെയുണ്ടായിരുന്ന കമ്പിപ്പാലം പ്രളയത്തില്‍ തകര്‍ന്നുപോയതായിരുന്നു. ഇപ്പോള്‍ പുഴയ്ക്ക് അക്കരെയെത്താന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നതാണ് ഈ ചങ്ങാടം.