കേരളത്തിലെ എല്ലാ വികസന പദ്ധതികള്‍ക്കും പ്രതിപക്ഷ നേതാവ് തുരങ്കം വെയ്ക്കുന്നു; കോടതിയില്‍ നിന്ന് കിട്ടിയത് തിരിച്ചറിവ് ഉണ്ടാകാനുള്ള തിരിച്ചടിയെന്ന് മന്ത്രി പി രാജീവ്

കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇന്ററസ്റ്റാണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോയെന്ന് കോടതി ചോദിച്ചത് തിരിച്ചറിവ് ഉണ്ടാകാനുള്ള തിരിച്ചടിയെന്ന് മന്ത്രി പി രാജീവ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ചോദ്യമുന്നയിക്കുന്നതിന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2019ലെ ഒരു കരാറിന്മേല്‍ 4 വര്‍ഷം കഴിഞ്ഞ് ഒരു ഹര്‍ജിയുമായി വന്നത് എന്തുകൊണ്ടാണെന്നും എന്താണ് തെളിവുള്ളത് എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സിഎജി റിപ്പോര്‍ട്ട് വന്നാല്‍ തെളിവ് സമര്‍പ്പിക്കാമെന്ന ബാലിശമായ ഉത്തരമാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. യാതൊരു തെളിവുമില്ലാതെ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ പോലും ഈ ഘട്ടത്തില്‍ കോടതി തയ്യാറായില്ല. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ പോലും കോടതി തയ്യാറായില്ല എന്നത് പ്രതിപക്ഷ നേതാവിനേറ്റ കനത്ത തിരിച്ചടിയാണ്.

പ്രതിപക്ഷ നേതാവിന്റെ ചെയ്തികളില്‍ നിന്ന് കണ്മുന്നില്‍ ഒരു തെളിവുമില്ലാതെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ തകര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ് എന്നല്ലേ മലയാളികള്‍ മനസിലാക്കേണ്ടത്? 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അങ്ങേയറ്റം ജനവിരുദ്ധവും കേരള വിരുദ്ധവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനൊപ്പം കെ-ഫോണ്‍ പദ്ധതിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത കെല്‍ട്രോണിനെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനും പ്രതിപക്ഷ നേതാവ് ഹര്‍ജിയിലൂടെ ശ്രമിക്കുകയുണ്ടായി. ചാന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങളിലുള്‍പ്പെടെ പങ്കെടുത്ത് കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഇകഴ്ത്തിക്കാണിക്കാന്‍ അദ്ദേഹം എന്തിനാണ് ശ്രമിക്കുന്നത്? ഇന്നത്തെ കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് ഈ നാടിനോട് മാപ്പ് പറയുകയാണ് വേണ്ടത്.

Read more

ഇത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാന്‍ സാധിക്കുകയില്ല. കേരളത്തിലെ എല്ലാ വികസന പദ്ധതികള്‍ക്കുമെതിരെ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. എഐ ക്യാമറയുടെ കാര്യത്തിലും ഇക്കാര്യം നമ്മള്‍ കണ്ടതാണ്. പദ്ധതി നടപ്പിലാക്കാനേ അനുവദിക്കില്ല എന്ന നിലപാടില്‍ നിന്ന് പദ്ധതിക്കെതിരല്ല നടപ്പിലാക്കുന്ന രീതിയോടാണ് വിയോജിപ്പ് എന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയിരുന്നു. ഹൈക്കോടതി വരെ പ്രശംസിച്ച ഈ പദ്ധതിയോട് ഇന്ന് അദ്ദേഹത്തിന്റെ നിലപാടെന്താണ്? വയനാടിലെ ജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്ന, നവകേരള സദസിലുള്‍പ്പെടെ ജനങ്ങള്‍ ആവശ്യപ്പെട്ട തുരങ്കപാത നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്. ഇങ്ങനെ കേരളത്തിലെ വികസന കാര്യങ്ങളിലെല്ലാം പിന്തിരിപ്പന്‍ സമീപനം കൈക്കൊള്ളുന്ന അദ്ദേഹത്തിന് തിരിച്ചറിവുണ്ടാകാനുള്ള തിരിച്ചടിയാണ് ഇന്ന് കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. പബ്ലിക്ക് ഇന്ററസ്റ്റാണ് മുഖ്യമെന്നും പബ്ലിസിറ്റി ഇന്ററസ്റ്റല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കുമ്പോള്‍ വികസന കാര്യങ്ങളില്‍ കേരളത്തിനും സര്‍ക്കാരിനുമൊപ്പം നില്‍ക്കാന്‍ ഇനിയെങ്കിലും അദ്ദേഹം തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.