പ്രവാസികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിത നിക്ഷേപത്തിനു കഴിയും; വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുന്നുവെന്ന് മന്ത്രി പി രാജീവ്

പ്രവാസികള്‍ക്കുള്‍പ്പെടെ സുരക്ഷിത നിക്ഷേപത്തിനു കഴിയുന്ന വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി നടന്ന കേരള മാതൃക നവ വികസനം എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫുഡ് പ്രോസസിങ് മേഖലയില്‍ വലിയ വളര്‍ച്ചയാണ് കേരളം നേടിയത്. പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക് ഇപ്പോള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. ചേര്‍ത്തല സീഫുഡ് ഫാക്ടറി, തൊടുപുഴയിലെ സ്പൈസ് പ്രോസസ്സ് യൂണിറ്റുള്‍പ്പെടെ പത്ത് പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. 10 ഏക്കറില്‍ കുറയാതെ ഭൂമിയുള്ള സ്വകാര്യ വ്യക്തികള്‍ക്ക് പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങുവാന്‍ അനുമതി നല്‍കി കഴിഞ്ഞു.

22 എണ്ണത്തിന് അനുമതി നല്‍കുകയും രണ്ട് എണ്ണം ഉദ്ഘാടനം കഴിയുകയും ചെയ്തു. പ്രവാസികള്‍ക്ക് ഏറ്റവും സാധ്യതയുള്ള മേഖലയാണിത്. രാജ്യത്തെ മെഡിക്കല്‍ ഡിവൈസ് വ്യവസായത്തിന്റെ 20% കേരളത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക്, ഏറ്റവും വലിയ കൃത്രിമ പല്ല് നിര്‍മാണ കമ്പനിയും കേരളത്തിലാണെന്നത് വ്യവസായ സൗഹൃദത്തിന്റെ മികച്ച ഉദാഹരണമാണെന്നു മന്ത്രി പറഞ്ഞു.

രണ്ടേകാല്‍ ലക്ഷം എം എസ് എം ഇ കള്‍, ഐ ടി കോറിഡോറുകള്‍, നാല് വര്‍ഷ ബിരുദം തുടങ്ങിയ മാറ്റങ്ങള്‍ പ്രധാനമാണ്. 45 രാജ്യങ്ങളില്‍ നിന്നായി 1600 ഓളം വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നുവെന്നതു ശ്രദ്ധേയമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം 80000 സ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കി ലോകത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ മലയാളി അക്കാദമിക വിദഗ്ദ്ധരുള്‍പ്പെടുന്ന ഫാക്കല്‍റ്റി ഹബ്ബ്, മാലിന്യ സംസ്‌കരണത്തിനുള്ള നൂതനാശയങ്ങള്‍, പ്രവാസി ലോകവുമായുള്ള സാംസ്‌കാരിക വിനിമയം എന്നിവക്ക് ലോക കേരള പ്രതിനിധികള്‍ സഹകരണമറിയിച്ചു.