കുന്തവും കുടച്ചക്രവും മുതൽ രഞ്ജിത് വരെ നീളുന്ന വിവാദങ്ങളുടെ പട്ടിക; സർക്കാരിനെ നിരന്തരം വെട്ടിലാക്കുന്ന സജി ചെറിയാൻ

ഒരു പ്രാവശ്യം മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ട് തിരികെ എത്തിയിട്ടും പിണറായി സർക്കാരിനൊരു ബാധ്യത ആയി മാറുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അവസാനമായി ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ വിഷയത്തിൽ സജി ചെറിയാൻ പറഞ്ഞ അഭിപ്രായത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായല്ല സജി ചെറിയാന്റെ വാവിട്ട വാക്കുകളുടെ പേരിൽ പിണറായി സർക്കാർ പഴി കേൾക്കേണ്ടി വരുന്നതും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുന്നതും.

ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം, ദത്തുനല്‍കല്‍ വിവാദത്തിലെ പരാമര്‍ശം, വിദ്യാഭ്യാസ മേഖലയെക്കുറിച്ചും കൃഷിയെക്കുറിച്ചും നടത്തിയ പ്രസംഗങ്ങള്‍, സില്‍വര്‍ലൈന്‍ വിവാദത്തിലെ പരാമര്‍ശം തുടങ്ങി സജി ചെറിയാന്റെ വിവാദങ്ങളുടെ പട്ടിക വലുതാണ്. ഇതിൽ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിലാണ് മന്ത്രിപദവി സജി ചെറിയാന് രാജിവയ്‌ക്കേണ്ടി വന്നത്. പിന്നീട് പൊലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് തിരികെ വീണ്ടും മന്ത്രിക്കസേരയിലെത്തിയത്.

ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം

2022 ജൂലൈയിലാണ് ഭരണഘടനയ്ക്ക് എതിരെ സജി ചെറിയാൻ വിവാദ പരാമര്‍ശം നടത്തിയത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടന. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്’’. ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, മന്ത്രിക്കു രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീണ്ടും മന്ത്രിയാക്കി.

പത്താം ക്ലാസിലെ എഴുത്തും വായനയും

സർക്കാരിനെ വെട്ടിലാക്കിയ സജി ചെറിയാന്റെ മറ്റൊരു പരാമർശമായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ചുള്ളത്. പത്താം ക്ലാസ് പാസായ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ല എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ഇത് സര്‍ക്കാരിനെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും പ്രതിരോധത്തിലാക്കി. സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വി ശിവന്‍കുട്ടിക്ക് വിശദീകരിക്കേണ്ടിവന്നു. എന്നാല്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സജി ചെറിയാന്‍ സഭയില്‍ത്തന്നെ നിലപാട് അറിയിച്ചു. വീടിനടുത്തുള്ള ഒരു കുട്ടി വീട്ടില്‍ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതില്‍ നിരവധി അക്ഷരത്തെറ്റ് കണ്ടു. അത് കണ്ടപ്പോള്‍ വിഷമം തോന്നി. അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തില്‍ പറയാന്‍ കാരണം. അത് മൊത്തത്തില്‍ കേരളത്തില്‍ പ്രശ്‌നമാക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തില്‍ കൃഷി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ല

മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ ബണ്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ ‘കേരളത്തില്‍ കൃഷിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്‌നവുമില്ല’ എന്നും പറഞ്ഞതാണു വിവാദമായത്. കേരളത്തില്‍ കൃഷി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന സജി ചെറിയാന്റെ പരാമര്‍ശം കര്‍ഷകര്‍ക്കിടയില്‍ വലിയ എതിര്‍പ്പാണുണ്ടാക്കിയത്. വകുപ്പ് ഭരിക്കുന്ന സിപിഐയും നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയായിരുന്നു തകഴിയിലെ നെല്‍ക്കര്‍ഷകന്റെ ആത്മഹത്യ. അതോടെ ഈ പരാമര്‍ശം ചര്‍ച്ചയായി, മന്ത്രി വ്യാപക വിമര്‍ശനവും നേരിട്ടു.

സില്‍വര്‍ലൈനിന് ബഫര്‍സോണ്‍ ഇല്ല

സില്‍വര്‍ലൈന്‍ വിഷയത്തിലും സജി ചെറിയാന്‍ വിവാദങ്ങളില്‍പ്പെട്ടു. സില്‍വര്‍ലൈനിന് ബഫര്‍ സോണ്‍ ഇല്ലെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. പദ്ധതി രേഖ നന്നായി പഠിച്ചിട്ടാണ് ഇതു പറയുന്നതെന്നും ഇന്ത്യന്‍ റെയില്‍വേയ്ക്ക് എവിടെയാണ് ബഫര്‍ സോണ്‍ എന്നും ചോദിച്ചു. സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ ‘നല്ല ചില്ലറ വാങ്ങിയിട്ടാണ്’ ചാനല്‍ ചര്‍ച്ചകളില്‍ പദ്ധതിയെ വിമര്‍ശിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, പാതയുടെ ഇരുവശവും 10 മീറ്റര്‍ വീതം ബഫര്‍ സോണ്‍ ഉണ്ടെന്ന് കെ റെയില്‍ വിശദീകരിച്ചെങ്കിലും മന്ത്രി നിലപാടില്‍ ഉറച്ചുനിന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തിരുത്തിയതോടെയാണ് വാദം ഉപേക്ഷിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ അതിനപ്പുറമില്ലെന്നും തനിക്കു തെറ്റു പറ്റിയതാകാമെന്നും വിശദീകരിച്ചു.

ദത്തുനല്‍കല്‍ വിവാദത്തിലെ പരാമര്‍ശം

വിവാദമായ അനധികൃത ദത്തുനല്‍കല്‍ സംഭവത്തില്‍ പരാതിക്കാരി അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനുമെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ വീട്ടിലായിരുന്നു. ”വിവാഹം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാകുക. എന്നിട്ടും സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതുപോരാഞ്ഞിട്ടും വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ പ്രേമിക്കുക. ആ കുട്ടിക്കും കുഞ്ഞിനെ നല്‍കുക. അതു ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്കു പോകുക. പെണ്‍കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല.

പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണു വഴിതിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക? പക്ഷേ എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ.”- എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. പരാമര്‍ശങ്ങള്‍ വിവാദമായതോടെ സജി ചെറിയാന്‍ മറുകണ്ടം ചാടി. ദമ്പതികളെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നുമായിരുന്നു വിശദീകരണം.

രഞ്ജിത്ത് വിഷയത്തിൽ എല്‍ഡിഎഫിലെ കക്ഷികളും ഇടത് അനുഭാവികളും സജി ചെറിയാന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞ മന്ത്രി, തന്നെ മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചുവെന്നും പരിതപിച്ചു. ‘‘മൂന്ന് പെണ്‍മക്കളുടെ പിതാവാണ്. വീട്ടില്‍ ഭാര്യയും അമ്മയുമുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുന്ന ആളാണ്’’ എന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ രഞ്ജിത്തും ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖും രാജിവച്ചതു പോലെ സജി ചെറിയാനും രാജിവയ്ക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം.