ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; കോടതി ഉത്തരവ് കേട്ട് മോഹാലസ്യപ്പെട്ട് വിവാദ വ്യവസായി; ഇനി 14 ദിവസം ജയില്‍വാസം

നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി കോടതിയില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു.

നടി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്നും അതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഹണി റോസ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് പരാതി ഉന്നയിച്ചതെന്നും പ്രതിഭാഗം വ്യക്തമാക്കി.

നല്ല രീതിയില്‍ ഉപയോഗിച്ച വാക്കുകള്‍ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ബോബിയുടെ വാദം. തളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങള്‍ നല്‍കാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോള്‍ വീഡിയോ കാണേണ്ടതില്ലെന്ന് മജിസ്‌ട്രേറ്റ് തീരുമാനിക്കുകയായിരുന്നു.

മഹാഭാരതത്തിലെ കുന്തി ദേവിയോട് ആണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. മഹാഭാരതത്തില്‍ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താന്‍ ഉദ്ദേശിച്ചത് എന്നും, ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചു.

Read more

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്.