വീണാ ജോര്‍ജ്ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; കെഎം ഷാജിയ്‌ക്കെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മന്ത്രിയ്‌ക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി അറിയിച്ചു.

കുണ്ടൂര്‍ അത്താണിയിലെ മുസ്ലീം ലീഗ് സമ്മേളത്തിനില്‍ സംസാരിക്കുമ്പോഴായിരുന്നു കെഎം ഷാജിയുടെ വിവാദ പ്രസ്താവന. അന്തവും കുന്തവും വിവരവുമില്ലാത്ത വ്യക്തിയാണ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎം ഷാജി നടത്തിയ പരാമര്‍ശം. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടായിട്ടുള്ളതെന്നും ഷാജി പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത സ്ത്രീയ്‌ക്കെതിരെ തികച്ചും മോശമായ പദപ്രയോഗങ്ങളാണ് കെഎം ഷാജി നടത്തിയത്. സാധനം എന്ന വാക്ക് ഉപയോഗിച്ചതില്‍ നിന്ന് ഷാജി ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നതെന്ന് മനസിലാക്കാമെന്നും പി സതിദേവി കൂട്ടിച്ചേര്‍ത്തു.

Read more

ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. കെഎം ഷാജിയെ പോലെയുള്ളവരുടെ മനസിലുള്ള ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം പരാമര്‍ശങ്ങളെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.