കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധി തുടരുന്നതിനാൽ കളക്‌ടറെ സമീപിക്കാനൊരുങ്ങി കുടുംബം. ഷിരൂരിലെത്തി കളക്‌ടറെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കാനാണ് കുടുംബത്തിന്റെ നീക്കം. അതേസമയം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ചൊവ്വാഴ്‌ച കളക്ടറെ കാണാനാണ് കുടുംബത്തിൻ്റെ ശ്രമം. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി. അതേസമയം, ഷിരൂരിൽ തിരച്ചിൽ നടക്കുന്നില്ലെന്നും പുഴയിൽ തിരച്ചിലിനായി എത്തിയ ഈശ്വർ മാൽപ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കഴിഞ്ഞ ദിവസം കുടുംബം ആരോപണമുന്നയിച്ചിരുന്നു.
അതേസമയം അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു.
ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്കെന്നും ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധനയെന്നും മന്ത്രി അറിയിച്ചു.