മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്. അനിൽകാന്ത് ഡിജിപിയായിതിന് ശേഷം മോൻസൺ മാവുങ്കൽ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. മോൻസൺ മാവുങ്കലിനെതിരെ തട്ടിപ്പുകേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. ഇതിൽ ക്രൈംബ്രാഞ്ച് വ്യക്തത തേടി.
ഡി.ജി.പിയായ ശേഷം നിരവധിപ്പേർ സന്ദർശിച്ചിരുന്നുവെന്നും പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേർ തന്നെ കാണാൻ വന്നിരുന്നെന്നും അക്കൂട്ടത്തിൽ മോൻസനും ഉണ്ടായിരുന്നു എന്നാണ് അനിൽകാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നൽകിയത്. ഇതല്ലാതെ, മോൻസനെ വ്യക്തിപരമായി അറിയില്ലെന്നാണ് അനിൽകാന്തിന്റെ മൊഴി. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും.
കേസിൽ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്‌സ് വെച്ചതിലും, മ്യൂസിയം സന്ദർശിച്ചതിലും വിവരങ്ങൾ തേടി. ട്രാഫിക് ഐജി ലക്ഷ്മണിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ലക്ഷ്മണും മോൻസനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മൺ മോൻസന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു.
Read more
മാത്രമല്ല ഐജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൺ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രണ്ടുപ്രാവശ്യം ഐജി ലക്ഷ്മണയുടെ അതിഥിയായി വിഐപി റൂമിൽ മോൻസന്‍ തങ്ങിയിട്ടുണ്ട്. പേരൂർക്കട പൊലീസ് ക്ലബിലും മോൻസന് ആതിഥേയത്വം നൽകിയിരുന്നു. ഇക്കാര്യത്തിൽ ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.