കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു; ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത നാലു ദിവസംകനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
വടക്കന്‍ കേരളത്തില്‍ തീവ്രമോ അത്യന്തം തീവ്രോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ചയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.