'അമ്മയാണെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു'; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊല്ലത്ത്  പരവൂരില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകൻ ഷാലുവിന് നേരെയാണ് ആക്രമണമുണ്ടായത്. പരവൂരിൽ തെക്കുംഭാഗം ബീച്ചിന് സമീപമാണ് സംഭവം.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകനും. കാറിലിരുന്ന് ഭക്ഷണം കഴിക്കുവാൻ പോകുമ്പോള്‍ അക്രമികൾ കമ്പിവടി കൊണ്ട് അടിക്കുകയും വാഹനം തകർക്കുകയുമായിരുന്നു.

ഷംലയെ തലമുടിയില്‍ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട അക്രമി തടയാനെത്തിയ മകനെ അസഭ്യം പറഞ്ഞ് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചു തള്ളിയ അക്രമി ചവിട്ടുകയും കമ്പിവടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.

തങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ കണ്ടുനിന്നവര്‍ പോലും ഇടപെട്ടില്ലെന്നും ഷംല പറയുന്നു. തങ്ങള്‍ ആ നാട്ടുകാരല്ലെന്നും മര്‍ദ്ദിച്ചയാളെ അറിയില്ലെന്നും അയാളുമായി യാതൊരു മുന്‍വൈരാഗ്യവുമില്ലെന്നും ഷംല പറയുന്നു.

‘വിശന്നിട്ടാണ് അവിടെ വെച്ച് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചത്. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ പോലുമായില്ല. ഭര്‍ത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് മറ്റൊരു സ്ഥലത്താണ്. എന്റെ ചികിത്സയുടെ കാര്യങ്ങള്‍ക്ക് എന്റെ മകനാണ് കൊണ്ടു പോകുന്നത്. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കും,’ ഷംല പറഞ്ഞു.

Read more

അക്രമിയുടെ കൈയിലുണ്ടായിരുന്ന ആയുധത്തിൽ നിന്ന് ഷാലുവിന്‍റെ കൈഞരമ്പിന് മുറിവേറ്റു. പിന്നീട് ആശുപത്രിയിലെത്തി മുറിവ് തുന്നിക്കെട്ടി. പ്രതി ആഷിഖിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.