കൊതുകിനെ പേടിച്ച് ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വളപ്പില്‍ ഉപയോഗശൂന്യമായ നീന്തല്‍ക്കുളം പുതുക്കിപ്പണിയുന്നു. പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ സാധാരണ നിര്‍വഹിക്കുന്നതെങ്കിലും ക്ലിഫ്ഹൗസിലെ നീന്തല്‍ക്കുളത്തിന്റെ പൊളിച്ചുപണി നടക്കുന്നത് വിനോദസഞ്ചാര വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്.

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന് കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യത്തില്‍ക്കൂടിയാണ് നീന്തല്‍ക്കുളം നവീകരിക്കാനുള്ള തീരുമാനം. നവീകരണത്തിന് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന വിവരം സര്‍ക്കാരില്‍നിന്ന് ലഭ്യമായിട്ടില്ല. പഴയ ടൈലുകള്‍ മാറ്റി പുതിയത് പാകുന്ന പണിയാണ് നടന്നുവരുന്നത്. സി.പി.എം. നിയന്ത്രണത്തിലുള്ള ലേബര്‍ സഹകരണസംഘത്തിനാണ് നീന്തല്‍ക്കുളത്തിന്റെ നവീകരണച്ചുമതല. പൊതുമരാമത്ത് വകുപ്പില്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും പരിശോധന നടത്താനും പ്രത്യേക വിഭാഗമുണ്ട്. ഈ വിഭാഗത്തില്‍ ക്ലിഫ് ഹൗസിന്റെ കാര്യങ്ങള്‍ മാത്രമായി നോക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുമുണ്ട്.

കുളം കുത്തിയത് കരുണാകരന്

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. 1992 ജൂലായില്‍ തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ച് അദ്ദേഹത്തിന് കാര്‍മറിഞ്ഞ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഏറെക്കാലം ആസ്?പത്രിയിലായി. തുടര്‍ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ നീന്തല്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഔദ്യോഗിക വസതിയില്‍ത്തന്നെ നീന്തല്‍ക്കുളം നിര്‍മിച്ചത്.

നിര്‍മാണകാലത്ത് കുളം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. പൊതുഖജനാവിലെ പണമുപയോഗിച്ച് കുളം കുത്തുന്നതിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. താന്‍ അധികാരത്തിലെത്തിയാല്‍ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.കെ. നായനാര്‍ പറഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞു. കെ. കരുണാകരന്റെ കാലത്ത് ക്ലിഫ്ഹൗസിന്റെ ഒരുഭാഗത്ത് അദ്ദേഹത്തിനായി പൂജാമുറിയും ഒരുക്കിയിരുന്നു. മുന്നണിക്കുള്ളിലെ കലാപത്തെത്തുടര്‍ന്ന് കരുണാകരന്‍ അധികാരമൊഴിഞ്ഞപ്പോള്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ ഔദ്യോഗികവസതിയായി ക്ലിഫ് ഹൗസ്.

ഔദ്യോഗിക വസതിയൊഴിഞ്ഞെങ്കിലും ലീഡര്‍ക്ക് നീന്തല്‍ക്കുളം ഉപയോഗിക്കാമെന്ന കാര്‍ത്തികേയന്റെ വാഗ്ദാനം കരുണാകരന്‍ സ്നേഹപൂര്‍വം നിരസിച്ചു. പിന്നീട് ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായി ക്ലിഫ് ഹൗസില്‍ താമസിച്ചെങ്കിലും ആരും നീന്തല്‍ക്കുളം ഉപയോഗിച്ചില്ല. ക്ലിഫ് ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ കൃഷി ചെയ്തെങ്കിലും നീന്തല്‍ക്കുളം നവീകരിക്കാന്‍ ശ്രമിച്ചില്ല.

ക്ലിഫ് ഹൗസ് ചരിത്രം

ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ നിര്‍മിച്ച ക്ലിഫ് ഹൗസ് തിരുവിതാംകൂര്‍ രാജഭരണകാലത്ത് ദേവസ്വത്തിന്റെ ചുമതലയുണ്ടായിരുന്ന ദിവാന്‍ പേഷ്‌കാറിന്റെ ഔദ്യോഗിക വസതിയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് എക്സൈസ് കമ്മിഷണറായിരുന്ന റോബിന്‍സണ്‍ ഇവിടെ താമസിച്ചിട്ടുണ്ട്. പിന്നീട് ഇത് ഗസ്റ്റ് ഹൗസായി. ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി ക്ലിഫ് ഹൗസിലാണ് താമസിച്ചത്. സംസ്ഥാന രൂപവത്കരണത്തോടെ ക്ലിഫ് ഹൗസിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനായി. 1957-ല്‍ത്തന്നെ ക്ലിഫ് ഹൗസ് സര്‍ക്കാര്‍ ഉത്തരവിലൂടെ മന്ത്രിമന്ദിരമായി നാമകരണം ചെയ്യപ്പെട്ടു. തിരു-കൊച്ചി മുഖ്യമന്ത്രിമാര്‍ റോസ് ഹൗസായിരുന്നു സ്ഥിരമായി ഔദ്യോഗിക വസതിയാക്കിയിരുന്നത്.

1957-ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായപ്പോള്‍ ക്ലിഫ്ഹൗസ് ഔദ്യോഗിക വസതിയാക്കി. പിന്നീടുവന്ന പല മുഖ്യമന്ത്രിമാരും ഇത് തുടര്‍ന്നു. ധനമന്ത്രിയായിരിക്കെ വക്കം പുരുഷോത്തമന്‍ ക്ലിഫ്ഹൗസാണ് ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തത്. ഇക്കാലത്താണ് കാര്യമായ അറ്റകുറ്റപ്പണികള്‍ ഇവിടെ നടന്നത്.