തൃശൂരിൽ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റ് അമ്മയും കുഞ്ഞും തെറിച്ചു വീണു; പൊള്ളലേറ്റ യുവതിയുടെ കേൾവിക്ക് തകരാർ

തൃശൂരിൽ ആറുമാസം പ്രായമായ കുഞ്ഞിനും അമ്മയ്ക്കും ഇടിമിന്നലേറ്റു. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു. യുവതിയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇടത് ചെവിയുടെ കേൾവിക്കും തകരാറുണ്ടായി. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ് (36) പരിക്കേറ്റത്. കുഞ്ഞിന് പരിക്കുകളൊന്നുമില്ല.

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പാണത്ത് സുബീഷിന്റെ ഭാര്യയാണ് ഐശ്വര്യ. കട്ടിലിൽ, വീടിന്റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യക്ക് മിന്നലേറ്റത്. പൊള്ളലേറ്റ് ഇവരുടെ തലമുടിയും കരിനഞ്ഞിട്ടുണ്ട്.

ശക്തമായ മിന്നലിൽ വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിച്ചു. പിന്നാലെ ഐശ്വര്യയും കുഞ്ഞും തെറിച്ച് കട്ടിലിലേക്ക് വീണ് ബോധം കെടുകയായിരുന്നുവെന്ന് ഭർത്താവ് സുബീഷ് പറഞ്ഞു. മിന്നലടിച്ച സമയത്ത് ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല.

ഐശ്വര്യയെയും കുഞ്ഞിനെയും ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.