അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

എറണാകുളത്ത് മകന്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. കൊച്ചി വെണ്ണല സ്വദേശി അല്ലിയുടെ മരണത്തിന് പിന്നാലെ മകന്‍ പ്രദീപ് ആണ് ആരുമറിയാതെ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് അടക്കം ചെയ്യാന്‍ ശ്രമിച്ചത്. നാട്ടുകാരാണ് ഇതേ തുടര്‍ന്ന് പൊലീസിന് വിവരം നല്‍കിയത്.

മാതാവായ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്.

ഇതോടെ മരിച്ച ശേഷമാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്തതെന്ന മകന്‍ പ്രദീപിന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം നടന്നത്. 48കാരനായ പ്രദീപ് വീടിന്റെ മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം അവിടെ കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവരാണ് പൊലീസില്‍ വിവരമറിയിച്ചത്.

പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഈ സമയം പ്രദീപ് മദ്യലഹരിയിലായിരുന്നു. അതേസമയം പ്രദീപ് തികഞ്ഞ മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു.