മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തി; താത്കാലികമായി സേവനങ്ങള്‍ അവസാനിപ്പിച്ച് സി-ഡിറ്റ്

മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ച് സി-ഡിറ്റ്. മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തിയതോടെയാണ് സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ സി-ഡിറ്റ് തീരുമാനിച്ചത്. ഒന്‍പത് മാസത്തെ കുടിശ്ശികയാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുള്ളതെന്ന് സി-ഡിറ്റ് വ്യക്തമാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സി-ഡിറ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള സേവനമാണ് താത്കാലികമായി അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.

നേരത്തെയും കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ സി-ഡിറ്റ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. 2021ല്‍ ആയിരുന്നു ഇത്തരത്തില്‍ ഇതിനുമുന്‍പ് സേവനങ്ങള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കരാര്‍ പുനഃരാരംഭിക്കുകയായിരുന്നു.