"കമൽ രാജിവെയ്ക്കുക, ചലച്ചിത്ര അക്കാദമി ഭരണസമിതി പിരിച്ചുവിടുക": മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രാജിവെയ്ക്കണമെന്നും അക്കാദമി ഭരണസമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് ചലച്ചിത്ര അക്കാദമിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്വജനപക്ഷപാതിത്വത്തിന്റെയും അധികാര ദുർവിനിയോ​ഗത്തിന്റെയും തുടർച്ചയാണെന്ന് മൈക്ക് അധ്യക്ഷൻ സന്തോഷ് ബാബു സേനനും സെക്രട്ടറി കെ.പി. ശ്രീകൃഷ്ണനും പ്രസ്താവനയിൽ പറഞ്ഞു.

ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ മന്ത്രി എ.കെ. ബാലന് കത്ത് നൽകിയ സംഭവം വിവാദമായിരുന്നു. ഇതേ തുടർന്ന് മന്ത്രിയ്ക്ക് നല്‍കിയ കത്ത് വ്യക്തിപരമാണെന്നും തന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്നും കമൽ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) പ്രസ്താവന:

കേരള ചലച്ചിത്ര അക്കാദമിയിലെ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് ചലച്ചിത്ര അക്കാദമിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്വജനപക്ഷപാതിത്വത്തിന്റെയും അധികാര ദുർവിനിയോ​ഗത്തിന്റെയും തുടർച്ചയാണ്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) നാളുകളായി ഉന്നയിക്കുന്ന വിവിധ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള മറ്റൊരു നടപടിയാണ് അക്കാദമി ചെയർമാന്റെ ഭാ​ഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ചലച്ചിത്ര അക്കാദമി പോലെയുള്ള ഒരു സാംസ്കാരിക സ്ഥാപനത്തിൽ താത്കാലികമായി നിർവഹിക്കേണ്ട ചുമതലകളിൽ ഇരിക്കുന്ന വ്യക്തികളെയാണ് കമൽ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെടുന്നത്. കമലിന്റെ കത്തിൽ പറയുന്ന തസ്തികകളെല്ലാം സ്ഥിരം നിയമനങ്ങൾ ആവശ്യമില്ലാത്തതും അക്കാദമി ഭരണസമിതി മാറുന്നതിനനുസരിച്ച് മാറിവരേണ്ടതുമാണ്. അതാണ് ഉചിതമായ നടപടിക്രമം എന്നിരിക്കെ, തനിക്ക് താത്പര്യമുള്ള ചിലരെ രാഷ്ട്രീയ ആഭിമുഖ്യം മുൻനിർത്തി സ്ഥിരപ്പെടുത്താനാണ് ഔദ്യോ​ഗിക ലെറ്റർപാഡിലൂടെ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതിക്കൊണ്ട് കമൽ ശ്രമിച്ചത്. ഈ സ്വജനപക്ഷപാതിത്വം അക്കാദമി ചെയർമാൻ എന്ന സ്ഥാനത്തോടുതന്നെയുള്ള അവ​ഹേളനമാണ്.

ഇപ്പോഴത്തെ ഭരണസമിതി നിലവിൽ വന്ന ശേഷം ചലച്ചിത്ര അക്കാദമിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്ന ഒട്ടുമിക്ക തീരുമാനങ്ങളും നിയമവിരുദ്ധവും പലരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ളതും ആയതിനാലാണ് ഈവിധം ഒരു കത്ത് നൽകാൻ അക്കാദമി ചെയർമാൻ ധൈര്യപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ മുൻകൈയിൽ നടന്നുകൊണ്ടിരിക്കുന്ന ക്രമേക്കേടുകളിലെ ജീർണ്ണിച്ച ഒരു കണ്ണി മാത്രമാണ് കമലിന്റെ ഈ കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്നതിലും സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിലും എല്ലാം ഇത്തരത്തിൽ കക്ഷിരാഷ്ട്രീയ താത്പര്യങ്ങളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും അക്കാദമി ഭരണസമിതിയുടെ മുൻകൈയിൽ നടന്നിട്ടുണ്ട് എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം. മൈക്ക് ഇത് മുമ്പ് ചൂണ്ടിക്കാണിച്ചിട്ടും വേണ്ട നടപടികൾ അധികൃതരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Read more

ചലച്ചിത്ര അക്കാദമിക്ക് ഏതെങ്കിലും തസ്തികകൾ സ്ഥിരപ്പെടുത്തണമെങ്കിൽ തന്നെ അതിന് സ്വീകരിക്കേണ്ട മാർ​ഗം ഇതല്ല. പി.എസ്.സി വഴി, റിസർവേഷൻ അടക്കുമുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ടാകണം സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം നിയമനങ്ങൾ നടത്തേണ്ടത് എന്ന ഭരണഘടനാപരമായ ബാധ്യത കമലിനും ബാധകമാണ്. ഇഷ്ടക്കാർക്ക് ആനുകൂല്യം ചെയ്യാൻ വേണ്ടി അവ​ഗണിക്കാൻ കഴിയുന്നതല്ല അത്തരം കാര്യങ്ങളെന്ന് കമൽ മനസ്സിലാക്കേണ്ടതുണ്ട്. ഒരുപക്ഷെ ആ നിയമവശങ്ങൾ അറിഞ്ഞിട്ടും, ഇടതുരാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് തനിക്ക് പ്രിയമുള്ള ചിലർക്ക് സ്ഥിരനിയമനം വാങ്ങിക്കൊടുക്കാനുള്ള കുതന്ത്രമായും കമലിന്റെ നീക്കത്തെ ഞങ്ങൾ കാണുന്നു. ഇത്തരത്തിൽ അധികാര കസേരയിൽ ഇരുന്ന് സ്ഥിരമായി സ്വജനപക്ഷപാതത്തിനും നിയമവിരുദ്ധ നടപടികൾക്കും ചുക്കാൻ പിടിക്കുന്ന കമൽ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവയ്ക്കണമെന്ന് മൈക്ക് ആവശ്യപ്പെടുന്നു. ഒപ്പം ഇതിനെല്ലാം നാളുകളായി കൂട്ടുനിൽക്കുന്ന ചലച്ചിത്ര അക്കാ​ദമി ഭരണസമിതി പിരിച്ചുവിടുകയും ചെയ്യണം. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് നിരന്തരം ഉയർന്നുവരുന്ന ഈവിധത്തിലുള്ള ആരോപണങ്ങളെ സർക്കാർ ​ഗൗരവമായി കാണണമെന്നും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മൈക്ക് ആവശ്യപ്പെടുന്നു.