'ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്; മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട'; ശശി തരൂരിന്റെ പിന്തുണയില്‍ വെട്ടിലായി കോണ്‍ഗ്രസ്

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്ന് തരൂര്‍ പറഞ്ഞു. ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേ?, നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെ. ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് അടക്കം സമരം നടത്തുന്നതിനിടെയാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതു കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

എന്നാല്‍, പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്ന് മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു. മുകേഷിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കും. കേസില്‍ ഹാജരാക്കാന്‍ കഴിയുന്ന തെളിവുകള്‍ സംബന്ധിച്ച് മുകേഷുമായി ചര്‍ച്ച ചെയ്തു. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

മുകേഷിനെതിരായ പരാതിയില്‍ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. വേണ്ട തെളിവ് സഹിതം വിസ്തരിച്ചാണ് മൊഴി നല്‍കിയത് . ഡിജിറ്റല്‍ തെളിവുകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതിയില്‍ 7 പേര്‍ക്കെതിരെ കേസെടുത്തതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

നടനും എം എല്‍ എയുമായ എം മുകേഷിനെതിരായ പരാതിയിലാണ് ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എട്ടാം കോടതിയില്‍ 3.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ടര മണിക്കൂര്‍ നീണ്ടു.