കാര്‍ഗില്‍ യുദ്ധത്തിന് കാരണക്കാരനായ മുഷറഫിനെ മഹാനാക്കി; കേരളത്തിലെ 13 ബാങ്ക് ജീവനക്കാര്‍ക്കെതിരെ കുറ്റപത്രം; കടുപ്പിച്ച് ധനമന്ത്രാലയവും

കാര്‍ഗില്‍ യുദ്ധത്തിന് കാരണക്കാരനായ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ മഹാനാക്കിയ സംഭവത്തില്‍ കേരളത്തിലെ 13 ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് 13 പേര്‍ക്കും കുറ്റപത്രം നല്‍കി.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ (എ.ഐ.ബി.ഇ.എ) അഫിലിയേറ്റ് ചെയ്ത ഫെഡറേഷന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂനിയന്‍ കേരള ഘടകം 27ന് ആലപ്പുഴയില്‍ നടത്തിയ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ അനുശോചനപ്രമേയ കരടിലെ 2023ല്‍ അന്തരിച്ച അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക പ്രാധാന്യമുള്ള പേരുകളില്‍ പാകിസ്താന്‍ പ്രസിഡന്റിന്റെ പേരും നല്‍കിയിരുന്നു. ഇതു ബാങ്കിലെ തന്നെ മറ്റു ജീവനക്കാര്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ നേരിട്ട് കുറ്റപത്രം നല്‍കിയത്. ഈ നടപടിക്കെതിരെ കേരളത്തിലെ എ.ഐ.ബി.ഇ.എ ഘടകങ്ങള്‍ ഈമാസം 28ന് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read more

അനുശോചനപ്രമേയമടക്കമുള്ള കരട് റിപ്പോര്‍ട്ട് ഭേദഗതികള്‍ക്കായി ബ്രാഞ്ച് ഘടകങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ആ റിപ്പോര്‍ട്ടില്‍ പര്‍വേസ് മുഷര്‍റഫിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇത് ജീവനക്കാര്‍ തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ പരാതി നല്‍കി ശ്രദ്ധിയില്‍പ്പെടുത്തുകയായിരുന്നു. കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സംഘടനാ ഭാരവാഹികളായ 13 പേര്‍ക്ക് നേരിട്ട് കുറ്റപത്രം നല്‍കിയത്. ഈ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകം ഇടപെടുകയും ആലപ്പുഴ ജില്ല കമ്മിറ്റി സമ്മേളനസ്ഥലത്തിനടുത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.