ഫൈന്‍ അടിക്കില്ല, ഇങ്ങ് വാടാ മോനെ; ഓഫ്‌റോഡ് ജീപ്പുകളുടെയും ഡ്രൈവര്‍മാരുടെയും ലിസ്റ്റെടുത്ത് എംവിഡി; നടപടി കാലവര്‍ഷം മുന്നില്‍ക്കണ്ട് രക്ഷാപ്രവര്‍ത്തനത്തിന്

സംസ്ഥാനത്തെ ഓഫ്‌റോഡ് ജീപ്പുകളുടെയും മിടുക്കരായ ഡ്രൈവര്‍മാരുടെയും പട്ടിക തയ്യാറാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തവണ ഓഫ്‌റോഡ് വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് പിഴ ഈടാക്കനല്ല. കാലവര്‍ഷം ശക്തമാകുന്നതോടെ ദുരന്തങ്ങള്‍ മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജീകരിക്കാനാണ് പട്ടിക തയ്യാറാക്കുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിനോട് ലഭ്യമാകുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടാണ് നടപടി. ഇതിനുവേണ്ടി ലഭ്യമാകുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍, ക്രെയിനുകള്‍, ആംബുലന്‍സുകള്‍, ട്രക്കുകള്‍, പവര്‍ യൂണിറ്റുകള്‍, ഓഫ്‌റോഡ് വാഹനങ്ങള്‍ എന്നിവയുടെ പട്ടികയാണ് തയ്യാറാക്കുന്നത്.

സംസ്ഥാനത്താകമാനം 10,000 വാഹനങ്ങള്‍ ഇത്തരത്തില്‍ ക്രമീകരിക്കാനാണ് പദ്ധതി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷം അവയുടെ ലഭ്യത മോട്ടോര്‍ വാഹന വകുപ്പ് ഉടമകളെ വിളിച്ച് ഉറപ്പുവരുത്തും. ലഭ്യത ഉറപ്പായ വാഹനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് അതത് ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റി സെല്ലുകള്‍ക്ക് കൈമാറും.

Read more

മലയോര മേഖലകള്‍ കൂടുതലുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ അടുത്ത ജില്ലകളില്‍ നിന്ന് വാഹനങ്ങള്‍ എത്തിക്കും. വാഹനങ്ങള്‍ക്ക് പുറമേ ഓഫ്‌റോഡില്‍ വാഹനം ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.