കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്; ബി.ജെ.പി ജില്ലാ പ്രസിഡന്റടക്കം 11 പേര്‍ക്ക് ശിക്ഷ

തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ തൃശൂര്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റടക്കം 11 പേരെ കോടതി ശിക്ഷിച്ചു. കോടതി പിരിയുംവരെ തടവും 750 രൂപ വീതം പിഴയുമാണ് കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, മണ്ഡലം നേതാക്കളായ കെ.എ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എം.യു ബിനില്‍, ഐ.ആര്‍ ജ്യോതി, റാക്‌സണ്‍ തോമസ്, ഉദയന്‍, ലാലന്‍ എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്. വിധി വന്ന വ്യാഴാഴ്ച തന്നെ ഇവര്‍ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തു.

Read more

2016 ഡിസംബര്‍ 14-നായിരുന്നു കമലിന്റെ ലോകമലേശ്വരം തണ്ടാംകുളത്തുള്ള വീട്ടിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തത്. സിനിമ തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.