മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ ബലമായി തടഞ്ഞ സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്‍ (എന്‍ഡബ്ല്യുസി). കഴിഞ്ഞ ദിവസം കോഴിക്കോട് മുണ്ടിക്കല്‍താഴം ജംക്ഷനിലാണ് സംഭവം നടന്നത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ ഓടുന്നതിനിടെ പുരുക്ഷ പോലീസ് ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിലാണ് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ രേഖ ശര്‍മ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ‘മാര്‍ച്ച് 9ന് കേരളത്തിലെത്തും. വിഷയം ഏറ്റെടുക്കും’ എന്ന് അവര്‍ ട്വീറ്റ് ചെയ്തു. മഹിളാ മോര്‍ച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും അത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ലംഘിക്കുന്നവരെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ ട്വീറ്റ്. സംഭവത്തെ അപലപിക്കുന്നതായും വിഷയത്തില്‍ നടപടിയെടുക്കാന്‍ ദേശീയ വനിതാ കമ്മിഷനോട് അഭ്യര്‍ഥിക്കുന്നതായും ട്വീറ്റില്‍ കുറിച്ചിരുന്നു.
Read more
സംഭവത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ചാ നേതാവ് വിസ്മയയെയാണ് പുരുഷപോലീസുകാരന്‍ ഈ രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത്. സ്ത്രീകളെ അറസ്റ്റുചെയ്യുമ്പോള്‍ വനിതാപൊലീസുകാര്‍ വേണമെന്നുള്ളത് നിയമമാണ്. ഇവിടെ പുരുഷപൊലീസ് ശരീരത്തില്‍ സ്പര്‍ശിക്കുകമാത്രമല്ല ഉപദ്രവിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസ്സ് വെറുതെ വിടാനാവില്ല. ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്ന് അദേഹം ഇന്നലെ പറഞ്ഞിരുന്നു.