നവകേരള സദസില്‍ പങ്കെടുത്തില്ല; വനിത ഓട്ടോ ഡ്രൈവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സിഐടിയു

നവകേരള സദസ് സമാപിച്ചിട്ടും ജനദ്രോഹം അവസാനിപ്പിക്കാതെ ഇടതുപക്ഷ തൊഴിലാളി സംഘടന. തിരുവനന്തപുരത്ത് നവകേരള സദസില്‍ പങ്കെടുക്കാതിരുന്ന വനിത ഓട്ടോ ഡ്രൈവര്‍ക്ക് സ്റ്റാന്റില്‍ വിലക്കേര്‍പ്പെടുത്തി സിഐടിയു. കാട്ടായിക്കോണം സ്വദേശിനി രജനിക്കാണ് കാട്ടായിക്കോണം ഓട്ടോ സ്റ്റാന്റില്‍ സിഐടിയു വിലക്കേര്‍പ്പെടുത്തിയത്.

രാവിലെ സ്റ്റാന്റില്‍ സവാരിക്കെത്തിയ ഓട്ടോറിക്ഷയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് രജനിയും കുടുംബവും. കഴക്കൂട്ടത്ത് ഇന്നലെ നടന്ന നവകേരള സദസ് പരിപാടിയില്‍ പങ്കെടുക്കണമെന്ന് രജനി ഉള്‍പ്പെടെയുള്ള ഓട്ടോ തൊഴിലാളികള്‍ക്ക് സിഐടിയു നിര്‍ദ്ദേശം നല്‍കിയിരുന്നു.

Read more

അസുഖമായതിനാല്‍ രജനിക്ക് കഴക്കൂട്ടത്തെ നവകേരള സദസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് സിഐടിയു നേതാക്കള്‍ക്ക് പ്രകോപനമുണ്ടാക്കിയത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയാല്‍ രജനിയുടെ സഹോദരന്റെ സിഐടിയു മെമ്പര്‍ഷിപ്പും റദ്ദാക്കുമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചതായി രജനി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സിഐടിയുവോ സിപിഎമ്മോ വിശദീകരണം നല്‍കിയിട്ടില്ല.