നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍, മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയും എംഎൽഎയും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരായ വീണ ജോർജും കെ രാജനും നവീൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു.

രാവിലെ മുതൽ കെ രാജൻ വീട്ടിലുണ്ടായിരുന്നു. നാലു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ നവീൻ ബാബുവിനെ ചിതയിലേക്കെടുത്തത് മന്ത്രി അടക്കമുള്ളവരാണ്. മൃതദേഹത്തിൻ്റെ ഓരോ അറ്റത്തും മന്ത്രി രാജനും കെ ജെനീഷ് കുമാർ എംഎൽഎയും മറ്റു ജനപ്രതിനിധികളും പിടിച്ചിരുന്നു. നേരത്തെ, സഹോദരൻ്റെ മക്കൾ ചിത കൊളുത്തുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിക്കുകയായിരുന്നു.

മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി.