പുതിയ മദ്യ നയം ; ഇടതുമുന്നണിയിലും എതിർപ്പ്, കള്ള് വ്യവസായത്തെ തകർക്കുമെന്ന് എഐടിയുസി , വിചിത്രമെന്ന് വി ഡി സതീശൻ

മന്ത്രി സഭ അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ ഇടതു മുന്നണിയിൽ തന്നെ എതിർപ്പ്. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നും ആരോപിച്ച് എഐടിയുസി രംഗത്തെത്തി.

രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള് ചെത്താൻ അവകാശമുള്ളൂ. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു.

അതേ സമയം സംസ്ഥാന സർക്കാരിന്റെ മദ്യനയം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. കൃത്യമായ പഠനം നടത്താതെ പരമാവധി മദ്യം വിറ്റ് വരുമാനം വർധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

 പുതിയ മദ്യനയം മദ്യപാനം വർധിപ്പിക്കും. വിലകൂട്ടിയാൽ വീട്ടിലെ സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്നു. പൂർണമായി നിരോധിക്കാൻ കഴിയില്ല. ഉപഭോഗം നിയന്ത്രിക്കാനുള്ള നടപടി സർക്കാർ എടുക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.